“ദില്ലിയുടെ സുരക്ഷ എന്റെ പ്രധാന പരിഗണന: രാജ്യതലസ്ഥാനത്തിന് പുതിയ മുഖം നൽകാൻ ശ്രമിക്കുമെന്ന്” പുതിയ മുഖ്യമന്ത്രി രേഖാ ഗുപ്ത

ഡൽഹി: ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖാ ഗുപ്തയെ ബിജെപി തെരഞ്ഞെടുത്തു. ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെ പരാജയപ്പെടുത്തിയാണ് ഗുപ്ത ഷാലിമാർ ബാഗ് നിയമസഭാ സീറ്റിൽ വിജയിച്ചത്. ഷാലിമാർ ബാഗിൽ നിന്ന് എംഎൽഎയായ ശേഷം മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയാണ് അവർ. ഇന്ന് വൈകുന്നേരം ചേർന്ന പാർട്ടിയുടെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം.

രാംലീലാ മൈതാനിയിൽ വച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്. പർവേശ് വർമ്മ ഉപമുഖ്യമന്ത്രിയും വിജേന്ദർ ഗുപ്ത നിയമസഭാ സ്പീക്കറുമായി തെരഞ്ഞെടുക്കപ്പെട്ടു. 29,595 വോട്ടുകൾക്ക് ബന്ദന കുമാരിയെ പരാജയപ്പെടുത്തിയാണ് രേഖാ ഗുപ്ത നിയമസഭയിലേക്കെത്തിയത്. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവും ഡൽഹി ഘടകത്തിന്റെ ജനറൽ സെക്രട്ടറിയുമാണ് .

ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാകുന്ന രേഖാ ഗുപ്ത സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്കു ശേഷം ഈ പദവി അലങ്കരിക്കുന്നു. ബിജെപിയിൽ നിന്ന് ഡൽഹിയെ നയിക്കുന്ന രണ്ടാമത്തെ വനിതയും സുഷമ സ്വരാജിന് ശേഷം 27 വർഷത്തിന് ശേഷം മുഖ്യമന്ത്രി പദത്തിലെത്തുന്ന വനിതയുമാണ് അവർ.

അഭിഭാഷകയായ ഗുപ്ത 1996-97 കാലത്ത് ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (DUSU) പ്രസിഡന്റായി രാഷ്ട്രീയ പ്രവേശനം നടത്തി. പിന്നീട് മുനിസിപ്പൽ രാഷ്ട്രീയത്തിലേക്ക് കടന്ന അവർ 2007-ൽ ഉത്തരി പിതംപുരയിൽ നിന്നുള്ള കൗൺസിലർ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും 2012-ലും വീണ്ടും ജയിക്കുകയുമായിരുന്നു. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ മേയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 70 സീറ്റിൽ 48 എണ്ണത്തിൽ വിജയിച്ച് ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തി. ഏകദേശം മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഡൽഹിയിൽ ബിജെപി വീണ്ടും അധികാരത്തിലേറുന്നത്.