ദില്ലി: കേന്ദ്രത്തിൽ നരേന്ദ്ര മോദിയെയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പ്രശംസിച്ചതിന് ശശി തരൂരിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡ് നടപടിയെടുക്കില്ല. പ്രസ്താവനകളിൽ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും, തരൂരിനെതിരെ അച്ചടക്കനടപടിയെടുക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. കേരള സർക്കാർ അവതരിപ്പിച്ച കണക്കുകൾ വസ്തുതാ വിരുദ്ധമാണെന്ന് ഹൈക്കമാൻഡ് തരൂരിനെ ബോധ്യപ്പെടുത്തി.
ഹൈക്കമാൻഡിന് മുമ്പുതന്നെ തരൂരിന്‍റെ പ്രസ്താവനകളിൽ തെറ്റുണ്ടെന്ന വിലയിരുത്തലുണ്ടായിരുന്നു. മോദിയുടെ നയതന്ത്ര നേട്ടങ്ങൾ പ്രശംസിക്കുകയും കേരളത്തിലെ വ്യവസായ രംഗത്തെ കണക്കുകൾക്കുപുറമെ സ്റ്റാർട്ട്‌അപ്പുകൾക്കുമേൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത തരൂരിന്‍റെ നിലപാട്, പാർട്ടിക്ക് ദേശീയ, സംസ്ഥാന തലങ്ങളിൽ പ്രതിസന്ധി ഉണ്ടാക്കിയതായി ഹൈക്കമാൻഡ് വിലയിരുത്തുന്നു.
തരൂരിന്‍റെ ലേഖനത്തിൽ വ്യവസായ മന്ത്രിയുടെ അവകാശവാദങ്ങൾ ആവർത്തിച്ചിരുന്നതിനെ പാർട്ടി അംഗീകരിച്ചില്ല. കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലകൾ പ്രതിസന്ധിയിലാണെന്ന വാസ്തവം തരൂരിന്റെ ശ്രദ്ധയിൽ പെടുത്തിയതായി ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തരൂരുമായി നേരിട്ട് സംസാരിച്ചത്.
തത്സമയം വിശദീകരണം തേടുകയോ അച്ചടക്ക നടപടി സ്വീകരിക്കുകയോ ചെയ്യേണ്ടതില്ലെന്ന തീരുമാനം പാർട്ടിക്ക് യോജിച്ചതായാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. സമൂഹമാധ്യമങ്ങളിലും പൊതുജനതലത്തിലും തരൂരിന് അനുകൂല പ്രതികരണമാണ് ഉയരുന്നത്. അച്ചടക്ക നടപടിയെടുക്കുകയാണെങ്കിൽ അത് പാർട്ടിക്കു തിരിച്ചടിയാകാമെന്ന് നേതാക്കൾ കരുതുന്നു.
അതേസമയം, പാർട്ടി നേതൃത്വത്തിന്‍റെ സമീപനത്തിൽ തരൂരിന് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രവർത്തക സമിതിയിൽ അംഗത്വം നിലനിൽക്കുമ്പോഴും സംഘടനാതല കാര്യങ്ങളിൽ അദ്ദേഹത്തെ അകറ്റി നിർത്തുന്നുവെന്ന തോന്നലാണ് അദ്ദേഹത്തിനുള്ളത്. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായതോടെ പാർലമെന്റിലെ സ്വാധീനവും കുറഞ്ഞതായി വിലയിരുത്തപ്പെടുന്നു. സംസ്ഥാന തലത്തിലും അദ്ദേഹത്തോട് അനുകൂല സമീപനം കുറവായതോടെ, ഈ നിലപാട് രാഷ്ട്രീയമായി കൂടുതൽ പ്രതിഫലിക്കാമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.