അമേരിക്കയിൽ നിന്ന് മൂന്നാമത്തെ വിമാനം അമൃത്സറിൽ; 112 അനധികൃത കുടിയേറ്റക്കാർ തിരിച്ചെത്തി

ദില്ലി: അമേരിക്കയിൽ നിന്നും അനധികൃതമായി കുടിയേറിയ ഇന്ത്യൻ പൗരന്മാരുമായി മൂന്നാമത്തെ സൈനിക വിമാനം അമൃത്സറിൽ എത്തി. 112 പേരാണ് വിമാനം വഹിച്ചിരുന്നത്, ഇതിൽ 44 പേർ ഹരിയാനയിലെവുമാണ് 31 പേർ പഞ്ചാബ് സ്വദേശികളുമാണ്. മറ്റുള്ളവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

വിമാനത്തിൽ എത്തിയവരെ കൈവിലങ്ങും ചങ്ങലയും അണിയിച്ചാണോ എത്തിച്ചതെന്ന കാര്യം ഇതുവരെ വ്യക്തമല്ല. എന്നാൽ, രണ്ടാമത്തെ ഘട്ടത്തിൽ എത്തിയവർക്ക് കൈവിലങ്ങും ചങ്ങലയും അണിയിച്ചിരുന്നതായി ചില കുടിയേറ്റക്കാർ വ്യക്തമാക്കിയതോടെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഈ വിഷയത്തിൽ ഇന്ത്യയുടെ അതൃപ്തി അറിയിച്ചില്ലെന്നാരോപിച്ചാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിക്കുന്നത്.