മലപ്പുറം: സംസ്ഥാന സർക്കാരിനെ പ്രശംസിച്ചുള്ള ശശി തരൂരിന്റെ ലേഖന വിവാദത്തിൽ മറുപടിയുമായി മുസ്ലിം ലീഗ്. താൻ വ്യവസായി മന്ത്രിയായിരുന്ന കാലത്ത് കേരളത്തിൽ ഉണ്ടായ വികസന മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
കേരളത്തിന്റെ” വ്യവസായ ഭൂപടം എ.കെ. ആൻറണി സർക്കാരിന്റെ കാലത്താണ് മാറിയത്” – എന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അന്നത്തെ യുഡിഎഫ് സർക്കാർ കിൻഫ്രയും ഇൻഫോപാർക്കും തുടങ്ങിയ പദ്ധതികൾ നടപ്പാക്കിയപ്പോൾ പ്രതിപക്ഷം വലിയ സമരങ്ങൾ നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനത്തിൽ സഹകരിച്ചതു യുഡിഎഫ് ആയിരുന്നുവെന്നും ഇടതുപക്ഷം അന്നും ഇപ്പോഴും നിക്ഷേപ സൗഹൃദ നിലപാടുകളുമായി മുന്നോട്ടുപോകുന്നില്ലെന്നും ലീഗ് നേതാവ് വിമർശിച്ചു. “കേരളത്തിൽ വ്യവസായ വളർച്ചയ്ക്കുണ്ടായ എല്ലാ മാറ്റങ്ങൾക്കും കാരണം യുഡിഎഫാണ്. ഇടതുപക്ഷം സ്ഥിരമായി തടസ്സങ്ങൾ സൃഷ്ടിച്ചു” – എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഷ്ട്രീയ വിമർശനം ഉചിതമായ വേദിയിൽ പറഞ്ഞാൽ മതിയെന്നും, ലീഗ് ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അഞ്ചു വർഷം കൊണ്ട് യുഡിഎഫ് കൈവരിച്ച വികസനം ഒമ്പത് വർഷമായിട്ടും എൽഡിഎഫിനായി സാധ്യമായിട്ടില്ല” – എന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

