ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ പ്രശംസിച്ച ശശി തരൂരിന്റെ നിലപാട് വ്യക്തിപരമാണെന്നും, ഇത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നുമാണ് കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര വ്യക്തമാക്കി.
മോദിയുടെ നയങ്ങൾക്കെതിരെ കോൺഗ്രസ് പാർലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധം തുടരുമ്പോഴാണ് തരൂരിന്റെ അനുകൂല പരാമർശം. പ്രധാനമന്ത്രി മോദിയുടെയും ഡൊണാൾഡ് ട്രംപിന്റെയും പ്രസ്താവനകൾ വ്യാപാര മേഖലയിലെ ഭാവിയിലേക്കുള്ള പ്രതീക്ഷകൾ ഉയർത്തുന്നുവെന്നും, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നുമാണ് തരൂർ പറഞ്ഞത്.
കേന്ദ്ര ബജറ്റിനെ പ്രശംസിച്ചും തരൂർ നേരത്തെ പാർട്ടിക്ക് തലവേദന ഉണ്ടാക്കിയിരുന്നു. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ശേഷം തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങളെ ശ്രദ്ധയോടെ വിലയിരുത്തുകയാണ് പാർട്ടി. പ്രവർത്തക സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതും പാർട്ടിക്കുള്ളിൽ സമ്മർദ്ദം മൂലമാണെന്ന വിലയിരുത്തലുണ്ട്.