ദുബൈ: നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂഗർഭ ഗതാഗത സംവിധാനമായ ദുബൈ ലൂപ്പ് പ്രഖ്യാപിച്ചു. ദുബൈ റോഡ് ഗതാഗത അതോറിറ്റിയും, അമേരിക്കൻ ടെക് ഭീമൻ ഇലോൺ മസ്കിന്റെ ബോറിങ് കമ്പനിയുമാണ് ഈ പദ്ധതിക്ക് കരാർ ഒപ്പുവെച്ചത്. 17 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കത്തിലൂടെ മണിക്കൂറിൽ 20,000 പേർ യാത്ര ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് പദ്ധതിയുടെ വിശദാംശങ്ങൾ അറിയിച്ചത്.
ദുബൈ ലൂപ്പ്, ലാസ് വെഗാസിലെ ബോറിങ് കമ്പനി നിർമിച്ച തുരങ്ക ഗതാഗത സംവിധാനം മാതൃകയാക്കിയാണ് രൂപകൽപ്പന ചെയ്യുന്നത്. 11 സ്റ്റേഷനുകൾ ഉള്ള ഈ തുരങ്കം, ഭൂകമ്പം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കിടയിലും ഏറ്റവും സുരക്ഷിതമായ ഗതാഗത സംവിധാനമാകുമെന്ന് യു.എ.ഇ. നിർമിതബുദ്ധി, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് അപ്ലിക്കേഷൻ വകുപ്പ് മന്ത്രി ഉമർ സുൽത്താൻ അൽ ഉലമയും വ്യക്തമാക്കി.
ലോക സർക്കാരുകളുടെ ഉച്ചകോടിയിൽ ഇലോൺ മസ്ക് പങ്കെടുത്ത സെഷനിലാണ് ഈ പ്രഖ്യാപനം നടന്നത്. ലൂപ്പിലൂടെ ഒരു സ്ഥലത്ത് നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് സ്റ്റോപ്പ് ഇല്ലാതെ യാത്ര ചെയ്യാനുള്ള സംവിധാനം ഒരുക്കും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഇലക്‌ട്രിക് വാഹനങ്ങളായിരിക്കും ഇവിടെ ഓടുക. “ഇത് അപൂർവ അനുഭവമാവും, ഒരിക്കൽ ഉപയോഗിച്ചാൽ അതിശയിപ്പിക്കില്ലാതെ ഇരിക്കില്ല” എന്നതാണ് ഇലോൺ മസ്കിന്റെ പ്രതികരണം.