തിരുവനന്തപുരം: വയനാട്ടിൽ പുനരധിവാസ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ 529.50 കോടി രൂപയുടെ മൂലധന നിക്ഷേപ വായ്പ അനുവദിച്ചു. ടൗൺഷിപ്പ് ഉൾപ്പെടെ 16 പദ്ധതികൾക്കാണ് ഈ വായ്പ അനുവദിച്ചിരിക്കുന്നത്. 50 വർഷത്തിനകം തിരിച്ചടയ്ക്കാനാകുന്ന പലിശരഹിത വായ്പയാണിതെന്ന് കേന്ദ്ര ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ടൗൺഷിപ്പുകൾ വികസിപ്പിക്കാനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ പൊതുമേഖലാ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ എന്നിവയുടെ നവീകരണത്തിനാണ് ഈ തുക വിനിയോഗിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാർച്ച് 31നകം ഈ തുക ഉപയോഗിക്കണമെന്ന കേന്ദ്ര നിർദേശം വന്നിട്ടുണ്ട്. എന്നാൽ സാമ്പത്തിക വർഷത്തിന്റെ അവസാന ഘട്ടത്തിൽ അനുവദിച്ച തുക പ്രായോഗികമായി ചെലവഴിക്കാൻ ബുദ്ധിമുട്ടാണെന്നതായിരുന്നു ധനവകുപ്പിന്റെ പ്രതികരണം.