മോദി-ട്രംപ് കൂടിക്കാഴ്ച: ഭീകരവാദത്തിനെതിരെ സംയുക്തമായി പോരാടും

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്തു. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് നികുതി ഇളവ് നൽകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യയുമായി ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസിനെതിരെ തീരുവ ഏർപ്പെടുത്തിയ എല്ലാ രാജ്യങ്ങളോടും ഒരേ രീതിയിലുള്ള സമീപനം പുലർത്തുമെന്ന് ട്രംപ് വ്യക്തമാക്കി. സഖ്യരാജ്യങ്ങൾ പോലും ചിലപ്പോൾ ശത്രു രാജ്യങ്ങളെക്കാൾ മോശം നികുതി നയങ്ങൾ പിന്തുടരുന്നു. 2030 ഓടെ ഇന്ത്യ-യുഎസ് വ്യാപാരം ഇരട്ടിയായി 500 ബില്യൻ ഡോളർ തൊടാൻ നടപടികൾ ആരംഭിച്ചുവെന്ന് മോദി പറഞ്ഞു.

ഇരുരാജ്യങ്ങളും ഭീകരവാദത്തിനെതിരെ സംയുക്തമായി പോരാടും. ഇന്ത്യ ബോസ്റ്റണിൽ പുതിയ കോൺസുലേറ്റ് ആരംഭിക്കും. മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ് ഉറപ്പ് നൽകി. യുഎസ് സുപ്രീം കോടതി ഈ തീരുമാനം അംഗീകരിച്ചതായി റിപ്പോർട്ട്. കീഴ്‌ക്കോടതി വിധിക്കെതിരായ റാണയുടെ അപ്പീൽ ഹർജി തള്ളിയതോടെയാണ് ഇത് സാധ്യമായത്.

വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് മോദി-ട്രംപ് തമ്മിൽ ഈ തീരുമാനങ്ങൾ കൈകൊണ്ടത്. ഇന്ത്യക്ക് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ട്രംപ് ഉറപ്പുനൽകി. അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയക്കും എന്നും അദ്ദേഹം പറഞ്ഞു.