കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തെ തുടർന്ന് കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി ഇടപെടലുമായി മുന്നോട്ടുവരികയായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥനോട് കോടതിയില്‍ ഹാജരാവാന്‍ നിർദ്ദേശം നൽകി . വനംവകുപ്പും ഗുരുവായൂര്‍ ദേവസ്വവും ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണം.ആനയുടെ ഭക്ഷണം, യാത്രാവിവരങ്ങള്‍, രോഗമുണ്ടെങ്കില്‍ അക്കാര്യങ്ങള്‍, മറ്റ് ഉത്സവങ്ങളില്‍ പങ്കെടുത്തിതിന്റെ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ കോടതി നിർദേശം നൽകി
ആനയെ നിയന്ത്രിക്കുന്നതിനും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുമായി അധികൃതർക്ക് നിർദേശങ്ങൾ നൽകുമെന്ന് കോടതി വ്യക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. നേരത്തെയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ വേണമെന്ന് കോടതി നിരീക്ഷിച്ചു.

