തിരുവനന്തപുരം: കൊച്ചിക്ക് ശേഷം തിരുവനന്തപുരത്തും മെട്രോ പദ്ധതി യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നു. സംസ്ഥാന സർക്കാർ ഈ മാസാവസാനം തന്നെ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് സൂചന. അലൈൻമെൻ്റ് സംബന്ധിച്ച് ധനവകുപ്പ് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അലൈൻമെൻ്റ് മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ച ശേഷം അന്തിമ അംഗീകാരം ലഭിക്കുമെന്ന് കരുതുന്നു. അംഗീകാരം നേടിയാൽ അതും മന്ത്രിസഭയുടെ പരിഗണനയ്ക്കായി എത്തും. ഈ മാസാവസാനത്തോടെ മന്ത്രിസഭ അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങൾ 2025-26 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുമെന്ന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ വിശദമായ അവതരണം ഉടൻ നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. അലൈൻമെൻ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും തുടക്കം കഴക്കൂട്ടത്തുനിന്നാകുമെന്ന് സൂചനയുണ്ട്.