തിരുവനന്തപുരം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. 10 സെന്റ് വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ 120 ചതുരശ്ര മീറ്റർ (1291.67 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വീട് നിർമിക്കാൻ ഭൂമി തരംമാറ്റത്തിനുള്ള അനുമതി ആവശ്യമില്ലെന്ന് തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
അതു പോലെ, അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയിൽ 40 ചതുരശ്ര മീറ്റർ (430.56 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വാണിജ്യ കെട്ടിടം നിർമിക്കുന്നതിനും 2018ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണനിയമത്തിലെ 27(എ) വകുപ്പ് പ്രകാരം തരംമാറ്റ അനുമതി വേണ്ട.
ഈ ഇളവുകൾ പ്രയോജനപ്പെടുത്തുന്നവർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അനുമതി അപേക്ഷിക്കുമ്പോൾ തരംമാറ്റ അനുമതി ആവശ്യപ്പെടാൻ പാടില്ലെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ അപേക്ഷകളുടെ തീർപ്പാക്കൽ നടപടികൾ വേഗത്തിലാക്കണമെന്നും, സ്ഥലപരിശോധന ആവശ്യമായ സാഹചര്യങ്ങളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

