രാഷ്ട്രപതി ദ്രൗപതി മുര്‍മു മഹാ കുംഭമേളയിൽ : ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി

പ്രയാഗ്‌രാജിൽ മഹാ കുംഭമേളയോട് അനുബന്ധിച്ച് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നിർവഹിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാവിലെ 10.30ഓടെ പ്രയാഗ്‌രാജിൽ എത്തിയ രാഷ്ട്രപതി പ്രത്യേക പൂജകളിൽ പങ്കെടുത്തു. ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. അതോടൊപ്പം ഹനുമാൻ ക്ഷേത്ര സന്ദർശനവും നടത്തി . ഈ സന്ദർശനത്തിന്റെ മുന്നോടിയായി കർശന സുരക്ഷാ സംവിധാനങ്ങൾ പ്രയാഗ്‌രാജിൽ ഏർപ്പെടുത്തിയിരുന്നു.

മഹാ കുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു . യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി പുണ്യസ്നാനം നിർവഹിച്ചു. ഗംഗാനദിയിലൂടെ ബോട്ട് സവാരിയും പ്രാർത്ഥനകളും നടത്തി. നിരവധി പ്രമുഖരും കലാകാരന്മാരുമടക്കം നിരവധി തീർഥാടകർ ഇതിനോടകം കുംഭമേളയിൽ പങ്കെടുത്തിട്ടുണ്ട്. കണക്കുകൾ പ്രകാരം 40 കോടി തീർഥാടകർക്കാണ് ഇതിനോടകം കുംഭമേളയിൽ സാന്നിധ്യം കുറിച്ചിരിക്കുന്നത്. ജനുവരി 13ന് ആരംഭിച്ച മേള മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് അവസാനിക്കും.