ടൂറിസം വികസനത്തിന് പുതിയ പദ്ധതി: ആൾത്താമസമില്ലാത്ത വീടുകൾ ടൂറിസ്റ്റുകൾക്ക് വാടകയ്ക്ക് നൽകുന്ന കെ-ഹോം‌സ് പദ്ധതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് പുതിയമുന്നേറ്റമായി കെ-ഹോംസ് പദ്ധതി പ്രഖ്യാപിച്ചു. ആൾത്താമസമില്ലാത്ത വീടുകൾ ടൂറിസ്റ്റുകൾക്ക് വാടകയ്ക്ക് നൽകുന്നതിലൂടെ ഹോസ്പിറ്റാലിറ്റി മേഖലയുടെ സാധ്യതകൾ കൂടുതൽ വിനിയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തിൽ നാല് ജില്ലകളിൽ പ്രായോഗികമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളായ കോവളം, മൂന്നാർ, കുമരകം , ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ ഒഴിവു വീടുകൾ കേന്ദ്രികരിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയിലൂടെ ടൂറിസം മേഖലയിൽ പുതിയ തൊഴിൽ അവസരങ്ങളും വരുമാനമാർഗങ്ങളും സൃഷ്ടിക്കാനാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

ഗവൺമെന്റിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന ഈ പദ്ധതി വിനോദസഞ്ചാരികൾക്ക് ബജറ്റ് സൗഹൃദ താമസസൗകര്യം നൽകും. വീട്ടുടമകൾക്ക് അധിക വരുമാനം ലഭ്യമാകുന്നതിനൊപ്പം ടൂറിസം മേഖലയിലെ ആകെയുള്ള ഗുണനിലവാരവും ഉയർത്താനാകും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.