ആദായനികുതി ഇളവിന് പിന്നാലെ മധ്യവര്‍ഗത്തിന് വീണ്ടും ആശ്വാസം!

ആദായനികുതി ഇളവിന് പിന്നാലെ മധ്യവര്‍ഗത്തിന് വീണ്ടും ആശ്വാസം. അഞ്ചുവർഷത്തിനുശേഷം റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. 0.25 ശതമാനം കുറവോടെ റിപ്പോ നിരക്ക് 6.50ൽ നിന്ന് 6.25 ശതമാനമായി. വായ്പാ ചെലവ് കുറച്ച് സാമ്പത്തിക വളർച്ചയ്ക്ക് ഉണര്‍വേകാനാണ് ഈ നടപടി.ഇതോടെ വായ്പാ പലിശ നിരക്കുകൾ താഴാൻ സാധ്യത. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർബിഐയുടെ തീരുമാനം. പുതിയ തീരുമാനം ഭവന, വാഹന, വ്യക്തിഗത വായ്പാ കിഴിവുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. സാമ്പത്തിക വിപണിയിൽ ഇതിന്റെ പ്രതികരണം ഉറ്റുനോക്കുകയാണ് നിക്ഷേപകരും ഉപഭോക്താക്കളും.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 6.6 ശതമാനത്തില്‍നിന്ന് 6.7 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. പണപ്പെരുപ്പം 4.2 ശതമാനത്തില്‍ നിര്‍ത്താനാവുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്ന് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി.

റിപ്പോ നിരക്കില്‍ ഇളവുണ്ടായതോടെ ഇ‌എം‌ഐ ഭാരം കുറയും. പുതിയ ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്ക് പലിശനിരക്ക് കുറയാനാണ് സാധ്യത.