വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നത്  അവസാനിപ്പിക്കണം; വനിതാ കമ്മീഷന്‍

വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന്  സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ ജില്ലാതല സിറ്റിങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മതപരവും ആചാരപരവും ആയുള്ള കാര്യങ്ങള്‍ എന്ന വ്യാജേന സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളും സ്ത്രീകളെ മാനസീകവും, ശരീരികവും, സാമ്പത്തികവുമായി ചൂഷണം ചെയ്യാനുള്ള വഴിയായി ചിലര്‍ കാണുന്നുണ്ട്. വീട്ടിലെ പ്രശ്നങ്ങള്‍ക്ക് കാരണം വിവാഹം കഴിച്ച് വീട്ടിലേക്ക് വന്ന പെണ്‍കുട്ടിയാണെന്ന് ചിന്തിക്കുന്ന ഭര്‍ത്തൃ വീട്ടുകാരും സമൂഹത്തിലുണ്ട്.  വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും ഇത്തരം ചതിയില്‍ പ്രതികരിക്കാതിരിക്കുന്നു. ഫോണിലൂടെ വിവാഹമോചനം നേടുന്ന പ്രവണത പോലും വർദ്ധിക്കുന്നു.
അതോടൊപ്പം നിലനില്‍ക്കുന്ന നിയമപരമായ പരിരക്ഷ എന്താണെന്നും വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ പോലും മനസ്സിലാക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വനിതാ കമ്മീഷന്‍   സാമൂഹ്യ ബോധവല്‍ക്കരണം നടത്തും.

ജില്ലയില്‍ നടത്തിയ സിറ്റിങ്ങില്‍ 32 പരാതികള്‍ പരിഗണിച്ചു. ഏഴ് പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതി ജാഗ്രതാസമിതിക്കും ഒരു പരാതി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയ്ക്കും കൈമാറി. 25 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു. വനിതസെല്‍ എ.എസ്.ഐ എം. അനിത, സി.പി.ഒ കെ.സി ഷീമ, ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍, അഡ്വ. എം. ഇന്ദിര, വനിതാ കമ്മീഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.