പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിലെ മൗനി അമാവാസി നാളിൽ തിക്കിലും തിരക്കിലും സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. പുലർച്ചെ 2:30 ഓടെയായിരുന്നു സംഭവം.
കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പുലർച്ചെയോടെ വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ച് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അപകടത്തിന്റെ പശ്ചാത്തലത്തിൽ കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. ഉന്നതതല യോഗം വിളിച്ച യോഗി ആദിത്യനാഥ് കുംഭമേള അധികൃതരുമായി ചർച്ച നടത്തി.
2025ലെ മൗനി അമാവാസിയിലെ മഹാകുംഭത്തിലേക്ക് ഏകദേശം 10 കോടി ഭക്തരെ പ്രതീക്ഷിച്ച് ഉത്തർപ്രദേശ് സർക്കാർ ഇതിനകം തന്നെ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന സംവിധാനങ്ങളും മേളയിൽ ഒരുക്കിയിരുന്നു. എല്ലാ ഭക്തജനങ്ങളും ഘാട്ടുകളെ സംഗമത്തിന് തുല്യമായി കാണണമെന്നും സംഗംഘട്ടിലേക്ക് സ്നാനത്തിനായി പോകരുതെന്നും സമീപമുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കണമെന്നും തിരക്ക് ഒഴിവാക്കണമെന്നും യോഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു.