ജമ്മു കശ്മീരിലെ സോനാമാര്‍ഗ് തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. 2700 കോടി ചെലവിൽ 12 കിലോമീറ്ററിൽ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 8650 അടി ഉയരത്തിലാണ് ഈ തുരങ്കപാത സ്ഥിതി ചെയ്യുന്നത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രശസ്തമായ ഗുല്‍മാര്‍ഗ് സ്‌കീയിംഗ് റിസോര്‍ട്ട് പട്ടണത്തിന് സമാനമായി സോനാമാര്‍ഗിനെ ഒരു ശൈത്യകാല കായിക വിനോദകേന്ദ്രമായി വികസിപ്പിക്കാന്‍ ഈ തുരങ്കപാത സഹായിക്കുമെന്നും പട്ടണം ഒരു മികച്ച സ്‌കീയിംഗ് റിസോര്‍ട്ടായി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ഒപ്പം ശ്രീനഗറില്‍ നിന്ന് കാര്‍ഗില്‍ അല്ലെങ്കില്‍ ലേയിലേക്കുള്ള യാത്രാ സമയവും കുറഞ്ഞുകിട്ടും,മെച്ചപ്പെട്ട കണക്ടിവിറ്റിയിലൂടെ ഈ പ്രദേശത്തേക്ക് ചരക്കുകളും ഉദ്യോഗസ്ഥരെയും എളുപ്പത്തില്‍ എത്തിക്കാമെന്നതിനാല്‍ പ്രതിരോധ മേഖലയ്ക്കും ഇത് ഗുണം ചെയ്യും. മണ്ണിടിച്ചിലിനും ഹിമപാതത്തിനും സാധ്യതയുള്ള പാതകള്‍ ഒഴിവാക്കാനും തന്ത്രപ്രധാനമായ ലഡാക്ക് മേഖലയിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം ഉറപ്പാക്കാനും തുരങ്കപാത സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

