വാളയാർ കേസിൽ സിബിഐയുടെ അപ്രതീക്ഷിത നീക്കം; അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചു

പാലക്കാട്: വാളയാർ കേസിൽ നിർണായക നീക്കവുമായി സിബിഐ. വാളയാർ കേസിൽ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ച് സിബിഐ. 2017 ജനുവരി 13, മാർച്ച് 4 എന്നീ തീയതികളിലാണ് വാളയാറിലെ പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെ ഒറ്റ മുറി ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതികളാക്കിയത്. പോക്സോ വകുപ്പുകളും ഐപിസി വകുപ്പുകളും മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

പെൺകുട്ടികളുടെ മരണം ആത്മഹത്യ എന്നായിരുന്നു ആദ്യം സിബിഐയുടെ കണ്ടെത്തൽ. ഇതിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു . ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശിച്ചിരുന്നു.