ദില്ലി: ഹ്യൂമൻ മെറ്റന്യൂമോ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയിലെ സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ. സാഹചര്യം വിലയിരുത്താൻ ആരോഗ്യ മന്ത്രാലയം യോഗം ചേർന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം അവശ്യ സാഹചര്യമുണ്ടായാൽ നേരിടാൻ ആശുപത്രികൾ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
എന്നാൽ ചൈനയിലെ ആശുപത്രികളിൽ ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി ചികിത്സ തേടിയെത്തുന്നതായും റിപ്പോർട്ടുണ്ട്.അതേസമയം ചൈന വ്യക്തമാക്കുന്നത് ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ല എന്നാണ്. കൊവിഡ് കാലത്തിന് സമാനമായ രീതിയിൽ മാസ്ക് ധരിക്കണമെന്നും കൈകൾ ശുചിയായി സൂക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമൊക്കെയുള്ള നിർദ്ദേശങ്ങൾ ആരോഗ്യ വിദഗ്ധർ ജനങ്ങൾക്ക് നൽകി.