രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു; മൻമോഹൻ സിങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മൻമോഹൻ സിംഗ് അന്തരിച്ചത്. 92 വയസായിരുന്നു. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം, രാഷ്ട്രപതി ദ്രൗപതി മുർമുവും മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരിൽ ഒരാളെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തമാക്കി.

മൻമോഹൻ സിംഗിന്റെ മരണത്തോട് അനുബന്ധിച്ച് രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.