അടുത്തവര്‍ഷം മൂന്നുലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴില്‍ നല്‍കും: ടി എം തോമസ് ഐസക്

തിരുവനന്തപുരം: തൊഴിൽ നൈപുണി വർദ്ധിപ്പിച്ച് കേരളത്തിലെ അഭ്യസ്തവിദ്യർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ ബഹുജന പങ്കാളിത്തത്തോടെയുള്ള ജനകീയ പ്രസ്ഥാനമാക്കി മാറ്റണമെന്ന് മുൻ ധനകാര്യ വകുപ്പ് മന്ത്രിയും വിജ്ഞാന കേരളം ഉപദേഷ്ടാവുമായ ടി എം തോമസ് ഐസക് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ജില്ലാതല യോഗങ്ങൾക്ക് ആലപ്പുഴയിൽ തുടക്കം കുറിച്ചു ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം മുഴുവൻ നടപ്പിലാക്കുന്ന പദ്ധതി വഴി അടുത്തവർഷം അവസാനത്തോടെ മൂന്നുലക്ഷം പേർക്ക് തൊഴിൽ നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കി മാറ്റേണ്ടതുണ്ട്. അഭ്യസ്തവിദ്യർക്ക് അനുയോജ്യമായ തൊഴിൽ ലഭ്യമാകുന്ന സ്ഥലമാക്കി കേരളത്തെ മാറ്റണം. ഉയർന്ന ഉൽപ്പാദനക്ഷമതയും സാങ്കേതിക മുന്നേറ്റങ്ങളും കേന്ദ്രീകരിച്ചുള്ള മുന്നേറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരാനുള്ള നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. നാലുവർഷബിരുദവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യ വികസനങ്ങളും ഇതിന്റെ ഭാഗമാണ്. തൊഴിൽ അന്വേഷകരെ പദ്ധതിയുടെ ഭാഗമാക്കി രജിസ്റ്റർ ചെയ്യിക്കുന്നതും തൊഴിൽമേളകൾ നടത്തുന്നതും വിജ്ഞാനകേരളം പ്രവർത്തനത്തിന്റെ പ്രാരംഭഘട്ടത്തിൽ പൂർത്തിയാക്കും. തൊഴിലുകളോട് ബന്ധപ്പെടുത്തിക്കൊണ്ടുള്ള നൈപുണ്യ വികസനം രണ്ടാംഘട്ടത്തിലും സാധ്യമാക്കും. വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായുള്ള ആദ്യ തൊഴിൽമേള ആലപ്പുഴ ജില്ലയിലാണ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ഒന്നിന് സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ 5000 പേർക്ക് തൊഴിൽ നൽകുമെന്നും തോമസ് ഐസക് പറഞ്ഞു.

കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ.ഡിസ്‌ക്), കേരള നോളജ് എക്കണോമി മിഷൻ എന്നിവയുടെ മേൽ നോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ അഭ്യസ്തവിദ്യർക്ക് അവസരമൊരുക്കി ജില്ലാ പഞ്ചായത്തും നിയമസഭാ സാമാജികരും കെ.ഡിസ്‌കും കേരള നോളജ് എക്കണോമി മിഷനും പ്രവർത്തിക്കും. ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പോർട്ടലിൽ തൊഴിൽ തേടുന്ന അഭ്യസ്ത വിദ്യരെയും തൊഴിൽ ദാതാക്കളെയും രജിസ്റ്റർ ചെയ്യിപ്പിക്കുന്ന നടപടികളാണ് ഉടൻ പൂർത്തിയാക്കുകയെന്ന് തോമസ് ഐസക് പറഞ്ഞു.
വിജ്ഞാന കേരളം പദ്ധതിക്ക് സഹായകമായി ജില്ലയിലെ 12 ബ്ലോക്കിലും ആറ് നഗരസഭകളിലും ജോബ് സ്റ്റേഷനുകൾ ആരംഭിക്കും. ജില്ലയിൽ ഭൂരിഭാഗം ബ്ലോക്കുകളിലും നഗരസഭകളിലും ജോബ് സ്റ്റേഷനുകൾ ആരംഭിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ ചെയർപെഴ്സൺ കെ കെ ജയമ്മ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാരായ റ്റി എസ് താഹ, എം വി പ്രിയ ടീച്ചർ, ബിനു ഐസക് രാജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്, കേരള നോളജ് മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, ജില്ലാ പഞ്ചായത്ത്, നഗരസഭ അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.