തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരൻ എംടി വാസുദേവന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക്. വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടിൽ എംടിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കാനും അഞ്ച് മണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ പൊതുദർശനത്തിന് വെക്കാനും തീരുമാനിച്ചു.
തന്റെ മൃതദേഹം എവിടെയും പൊതുദർശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നുമടക്കം മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് വരെ എംടി വാസുദേവൻ നായർ കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനാലാണ് പൊതുദർശനം വീട്ടിൽ മാത്രമാക്കി ചുരുക്കിയത്.
അതേസമയം, സിനിമാ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രമുഖരും ഉൾപ്പെടെ നിരവധി പേരാണ് എംടിയ്ക്ക് അനുശോചനം അറിയിക്കുന്നത്. നടൻ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. മഴ തോർന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോൾ തന്റെ മനസിലെന്ന് മോഹൻലാൽ പറഞ്ഞു. ആർത്തിയോടെ താൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ തന്റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ. എംടി സാർ തനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്‌നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ.
വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി തനിക്ക് കിട്ടാനുണ്ടോ. മലയാളത്തിന്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് താൻ ആദരാഞ്ജലികൾ അർപ്പിക്കുകയെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.
ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യനാണ് എംടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ചവിട്ടി നിൽക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്ളാദത്തോടെയും നോക്കി കാണാൻ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീർത്തത് കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകൾ തീവ്രമായിരുന്നു. പറയാനുള്ളത് നേരെ പറഞ്ഞു. ആശയങ്ങൾ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല. അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്.
ആ പേനയിൽ നിന്ന് ‘ഇത്തിരിത്തേൻ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങൾ’ ഉതിർന്ന് ഭാഷ ധന്യമായി. നിങ്ങൾക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എം.ടി ആ ഉത്തരവാദിത്തം അത്രമേൽ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടത് കാലാതിവർത്തിയായി നിറവേറ്റിയ ഇതിഹാസമാകുന്നു എം.ടിയെന്നും വി ഡി സതീശൻ പറയുന്നു.