വെർച്വൽ അറസ്റ്റ് തട്ടിപ്പ്; മുഖ്യപ്രതിയെ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: വെർച്വൽ അറസ്റ്റ് തട്ടിപ്പിന്റെ മുഖ്യപ്രതിയെ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്തു കേരള പോലീസ്. കാക്കനാട് സ്വദേശിനിയായ റിട്ട. പ്രൊഫസറിൽ നിന്നും 4.12 കോടി രൂപ വെർച്ചൽ അറസ്റ്റിലൂടെ തട്ടിയെടുത്ത കേസിലാണ് ബംഗാൾ സ്വദേശി ലിങ്കൺ ബിശ്വാസ് എന്ന മുഖ്യപ്രതിയെ ബംഗ്ലാദേഷ് അതിർത്തി ഗ്രാമമായ കൃഷ്ണഗഞ്ചിൽ നിന്നും അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസിൽ കെ പി മിഷാബ് എന്നിവരടക്കം 15 പേരെ നവംബർ മാസത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡൽഹി പോലീസ് ചമഞ്ഞ് ഫോണിൽ ബന്ധപ്പെട്ട് പ്രതികൾ വീട്ടമ്മയുടെ ആധാർ കാർഡ് ഉപയോഗിച്ച് ആരംഭിച്ച അക്കൗണ്ട് വഴി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്. വീട്ടമ്മയെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ഭീഷണിപ്പെടുത്തി പലതവണകളായി അക്കൗണ്ടിലെ തുക കൈക്കലാക്കിയിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായ വീട്ടമ്മ ഒക്ടോബർ 22ന് തൃക്കാക്കര പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്കാരിയുടെ ഫോൺ നമ്പറിലേക്ക് വന്ന ടെലഫോൺ കോളുകളും വാട്‌സ് ആപ്പ് കോളുകളും ബാങ്ക് അക്കൗണ്ട് ട്രാൻസാക്ഷനുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയിലേക്ക് എത്താൻ കഴിഞ്ഞത്. പ്രതി സമാനരീതിയിലുള്ള തട്ടിപ്പ് നടത്തി അടുത്തകാലത്ത് ധാരാളം പണം സമ്പാദിച്ച് ആർഭാടജീവിതം നയിച്ചു വരികയായിരുന്നു. പ്രതിയിൽ നിന്നും രണ്ടു മൊബൈൽ ഫോണുകളും പ്രതി 22ാം തീയ്യതി നിക്ഷേപിച്ച പണവും പ്രതിയുടെ മറ്റ് ബാങ്ക് അക്കൗണ്ടുകളിലായി സമീപകാലത്ത് നടത്തിയിട്ടുള്ള നിക്ഷേപങ്ങളും ഉൾപ്പെടെ 75 ലക്ഷം രൂപയും സൈബർ പോലീസ് മരവിപ്പിച്ചിട്ടുണ്ട്. പ്രതിയെ കേരളത്തിലെത്തിച്ച് കാക്കനാട് കോടതിയിൽ ഹാജരാക്കി.

നാനൂറിലധികം ബാങ്ക് അക്കൗണ്ടുകൾ കൈവശം വച്ച് രാജ്യമെമ്പാടും ശൃംഖലയുണ്ടാക്കി തട്ടിപ്പ് നടത്തിയിരുന്ന ഇയാൾക്ക് രാജസ്ഥാൻ, ഹരിയാന, മുംബൈ എന്നിവിടങ്ങളിലെല്ലാം സഹായികൾ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. കൂടാതെ ലിങ്കൻ ബിശ്വാസിന് ചൈന, കമ്പോഡിയ എന്നീ രാജ്യങ്ങളിലെ തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നും അവരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും തെളിവുകൾ ലഭിച്ചു. ഇയാളുടെ തട്ടിപ്പിന് രാജ്യത്തെ പലയിടത്തുനിന്നും പരാതികൾ ഉണ്ടായിരുന്നെങ്കിലും അവയ്ക്കുപിന്നിലാരാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. പണം പിൻവലിക്കുന്ന സ്ഥലങ്ങളിലെ ഫോൺവിളി വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലദിത്യയുടെ മേൽനോട്ടത്തിൽ സൈബർ എസിപി എം. കെ മുരളിയുടെ നേതൃത്വത്തിൽ സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്‌പെക്ടർ പി. ആർ. സന്തോഷ്, എസ്.ഐ ശ്യാംകുമാർ, എസ്.സിപിഓമാരായ ആർ അരുൺ, അജിത് കുമാർ, നിഖിൽ ജോർജ് അരുൺ ആർ, സിപിഓമാരായ ഷറഫുദ്ദീൻ, ആൽഫിറ്റ് ആൻഡ്‌റൂസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ ബംഗാളിൽ നിന്നും പിടികൂടിയത്.