സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടാകാൻ പാടില്ല; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടാകാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞദിവസം ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ കേരളത്തിന്റെ മതേതര മനസ്സാക്ഷിക്ക് തന്നെ വെല്ലുവിളി ഉയർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരത്തെ നിർവചിക്കുന്ന ദയയുടെയും കൂട്ടായ്മയുടെയും മൂല്യങ്ങൾ നമുക്ക് ഉയർത്തിപ്പിടിക്കാം. കഴിഞ്ഞദിവസം സംഘപരിവാർ അനുകൂലികൾ ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെ രംഗത്തെത്തിയത് നാം കണ്ടിരുന്നു. അവരുടെ വെല്ലുവിളി കേരളത്തിനെതിരെയാണ്. അത്തരം ശക്തികളെ കേരളം അകറ്റി നിർത്തുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകൾക്കതീതമായ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും അനുകമ്പയുടെയും സമയമാണ് ക്രിസ്തുമസ്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഉദാരതയുടെയും മൂല്യങ്ങൾ ആഘോഷിക്കാൻ നമ്മെ ക്രിസ്തുമസ് പ്രചോദിപ്പിക്കുന്നു. എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ക്രിസ്തുമസ് ആശംസിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.