തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ബിഷപ്പുമാർക്കൊപ്പം നടത്തിയ ക്രിസ്തുമസ് വിരുന്നിനെ പരിഹസിച്ച് ഓർത്തഡോക്‌സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഡൽഹിയിൽ നടന്നത് നാടകമെന്ന് തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത പറഞ്ഞു. അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.
കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷ വിമർശനം ഉയർത്തുകയാണ് യൂഹാനോൻ മാർ മിലിത്തിയോസ്. ഒരിടത്ത് പ്രധാനമന്ത്രി പുൽക്കൂട് വണങ്ങുന്നു, പാലക്കാട് പുൽക്കൂട് നശിപ്പിക്കുന്നു. ഒരേ രാഷ്ട്രീയ പാർട്ടി തന്നെയാണ് പാർട്ടിയുടെ ആളുകൾ തന്നെയാണ് ഇത് ചെയ്യുന്നതെന്ന്. ഇതിനെ ഒരു നാടകമായിട്ടാണ് കാണുന്നതെന്ന് യൂഹാനോൻ മാർ മിലിത്തിയോസ് അറിയിച്ചു.
ബിജെപിയുടെ നാടകം തന്നെയാണ് മണിപ്പൂരിലും നടക്കുന്നത്. ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഹൈന്ദവ പ്രതീകങ്ങൾ ഉണ്ടെന്ന് പറഞ്ഞ കോടതിയിൽ പോവുന്നതും അതിന് വേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നത്. ഇതെല്ലാം മറച്ചു പിടിക്കാനുള്ള തലോടലാണ് ബാക്കിയെല്ലാമെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേർത്തു.

