ഉദ്യം രജിസ്‌ട്രേഷൻ; രാജ്യത്ത് സംരംഭങ്ങളുടെ എണ്ണം 3.21 കോടിയായി

ന്യൂഡൽഹി: രാജ്യത്ത് ഉദ്യം രജിസ്‌ട്രേഷനെടുത്ത സംരംഭങ്ങളുടെ എണ്ണം 3.21 കോടിയായി. ഇതിൽ 3.12 കോടിയും സൂക്ഷ്മ സംരംഭങ്ങളാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. 7.31 ലക്ഷം ചെറുകിട സംരംഭങ്ങളും മറ്റുള്ളവ ഇടത്തരം സംരംഭങ്ങളുമാണ്. 5.45 കോടി സ്ത്രീകൾ ഉൾപ്പടെ 21 കോടി തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, ഉദ്യം രജിസ്‌ട്രേഷൻ കേരളത്തിലും ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തുള്ളത് 7.64 ലക്ഷം സംരംഭങ്ങളാണ് ഇതിൽ 7.44 ലക്ഷവും സൂക്ഷ്മ സംരംഭങ്ങളാണ്. 19,047 സംരംഭങ്ങൾ ചെറുകിട മേഖലയിൽ നിന്നാണ്. ബാക്കിയുള്ളവ ഇടത്തരം സംരംഭങ്ങളുമാണ്. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്. വ്യവസായ സംരംഭങ്ങൾക്ക് ഉത്തേജനമേകാനായി കേന്ദ്ര-സൂക്ഷ്മ ചെറുകിട-ഇടത്തരം മന്ത്രാലയമാണ് ഉദ്യം രജിസ്‌ട്രേഷൻ നടപ്പിലാക്കിയത്.

സംരംഭങ്ങൾക്ക് സർക്കാർ ആനുകൂല്യം ലഭിക്കണമെങ്കിൽ രജിസ്‌ട്രേഷൻ ആവശ്യമാണ്.