വൻവിലക്കുറവും ഓഫറുകളും; സപ്ലൈകോ ക്രിസ്മസ് ചന്തകൾക്ക് തുടക്കമായി

തിരുവനന്തപുരം: വൻവിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ചന്തകൾക്ക് തുടക്കമായി. ജില്ലകളിലും ജില്ലാ ആസ്ഥാനത്തെ പ്രധാന സൂപ്പർ മാർക്കറ്റിലും സജ്ജമാക്കുന്ന ചന്ത ഈ മാസം 30 വരെ പ്രവർത്തിക്കും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ പ്രത്യേക ജില്ലാ ചന്തകളുണ്ടാകും. 13 ഇനം സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്എംസിജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 40 ശതമാനം വിലക്കുറവിൽ ഫെയറുകളിലൂടെ വിൽപന നടത്തും.

ബ്രാൻഡഡ് സാധനങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനം വരെ വിലക്കുറവുണ്ടാകും. ഒരുകിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും. കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് ഫെയർ പ്രവർത്തിക്കുക. ജില്ല ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഇന്ന് മുതൽ 30 വരെ ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ ഫ്‌ലാഷ് സെയിലും നടത്തും. സബ്‌സിഡിയിതര ഉൽപന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ഉണ്ടാകും.