തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമുദായിക നേതാക്കൾ സമൂഹത്തിൽ വിലയുള്ള ആളുകളാണ്, അവരുടെ അഭിപ്രായത്തെ എതിർക്കാനില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വി. ഡി സതീശൻ അധികാര മോഹിയാണെന്ന വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കു വാങ്ങുന്ന ആളാണെന്നും വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. എസ് എൻ ഡി പി -എൻ എസ് എസ് നേതൃത്വത്തോട് സതീശനെക്കാളും അടുപ്പം ചെന്നിത്തലയ്ക്കാണെന്നും എൻ.എസ്.എസുമായി ചെന്നിത്തല അകന്നുനിൽക്കാൻ പാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
മന്നം ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ ക്ഷണിച്ച എൻഎസ്എസ് നിലപാടിനെക്കുറിച്ച് പ്രതികരിക്കവേയാണ് വെള്ളാപ്പള്ളി രമേശിനെ പിന്തുണച്ചും വിഡി സതീശനെ വിമർശിച്ചും രംഗത്ത് വന്നത്. വെള്ളാപ്പള്ളി തന്നെക്കുറിച്ച് ചില നല്ലകാര്യങ്ങൾ പറഞ്ഞു തന്നേയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശത്തെക്കുറിച്ച് ചെന്നിത്തലയുടെ പ്രതികരണം. താൻ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴുമൊക്കെ എല്ലാ സമുദായിക സംഘടനകളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. അത് ഒരു പൊതു പ്രവർത്തകന് വേണ്ട കാര്യമാണ്. എല്ലാ സാമുദായിക സംഘടനകളുമായി നല്ല ബന്ധമാണുള്ളത്. ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നുള്ളത് അവരുടെ ഇഷ്ടമാണ്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.