രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ദേശീയ പാത; ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്ര ഗതാഗത മന്ത്രി

മുംബൈ: രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ദേശീയ പാത ഉദ്ഘാടനം ചെയ്ത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബയോ-ബിറ്റുമെൻ ഉപയോഗിച്ചാണ് ദേശീയപാത നിർമ്മിച്ചിരിക്കുന്നത്. നാഗ്പൂർ ജില്ലയിലെ ദേശീയ പാത 44 ന്റെ നാഗ്പൂർ-മൻസാർ ബൈപാസിന്റെ ഭാഗമാണ് വിളകളുടെ അവശിഷ്ടമായ ലിഗ്‌നിൻ പ്രയോജനപ്പെടുത്തി നിർമിച്ചത്. സ്വകാര്യ ബയോടെക് കമ്പനിയായ പ്രജ് ഇൻഡസ്ട്രീസ്, സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിആർആർഐ) സഹകരണത്തോടെയാണ് ബയോ-ബിറ്റുമെൻ നിർമ്മിച്ചത്.

പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ വിജയം സിആർആർഐ വിലയിരുത്തും. ഗുജറാത്തിലെ ഹലോളിലെ സർവ്വീസ് റോഡിൽ പദ്ധതി വിജയം കണ്ടതോടെയൊണ് ദേശീയപാതയിലേക്കും വ്യാപിപ്പിച്ചത്. നിലവിൽ പെട്രോളിയത്തിൽ നിന്ന് ലഭിക്കുന്ന ബിറ്റുമെനാണ് റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്. എന്നാൽ ബയോ- ബിറ്റുമെൻ ഉൽപ്പാദനത്തിന് ജൈവ അവശിഷ്ടങ്ങളാണ് ഉപയോഗിക്കുന്നത്. ബയോ- ബിറ്റുമെൻ സസ്യ എണ്ണകൾ, വിളകളുടെ അവശിഷ്ടങ്ങൾ, ആൽഗകൾ, ലിഗ്‌നിൻ (മരത്തിന്റെ ഒരു ഘടകം), മൃഗങ്ങളുടെ കാഷ്ഠം തുടങ്ങിയവയിൽ നിന്നെല്ലാം നിർമിക്കാം.

റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നത് 25,000-30,000 കോടി രൂപയുടെ ബിറ്റുമെനാണ്. ഇതിൽ പകുതിയോളം ഇറക്കുമതിയാണ്. ബയോ ബിറ്റുമെനിലേക്ക് തിരിയുന്നതോടെ റോഡ് നിർമാണത്തിനായി ചെലവഴിക്കേണ്ട തുകയിലും ഗണ്യമായ കുറവ് വരും.