ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ. തമിഴ്‌നാട്ടിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ആക്രമിച്ചത്. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രൻ, രാജ്കുമാർ, നാഗലിംഗം തുടങ്ങിയ തൊഴിലാളികൾക്ക് ആക്രമണത്തിൽ പരിക്കേറ്റു.
ഫൈബർ ബോട്ടുകളിലെത്തി കല്ല് കൊണ്ടും മാരകായുധങ്ങൾ കൊണ്ടുമാണ് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ തൊഴിലാളികളെ ആക്രമിച്ചത്. ഇവരെ ആക്രമിച്ചതിന് ശേഷം ഇവരുടെ വലയും ജിപിഎസ് ഉപകരണങ്ങളും കൊള്ളക്കാർ കവർന്നെടുത്തു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ചു. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
തമിഴ്‌നാട് സർക്കാർ ഇടപെട്ട് ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടിരിക്കുന്നത്.