ചോദ്യപേപ്പർ ചോർച്ച: യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി, പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ച ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ചോദ്യം ചോരാൻ ഇടയായ സാഹചര്യം യോഗം വിലയിരുത്തും. പരീക്ഷ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടിയും യോഗത്തിലുണ്ടായേക്കുമെന്നാണ് വിവരം. സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിർത്താൻ കർശന നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി എം എസ് സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴിയെടുക്കും. ചോദ്യപേപ്പർ ചോർച്ചയിൽ കെ എസ് യു കോഴിക്കോട് റൂറൽ എസ് പി ക്ക് നൽകിയ പരാതിയിലാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.