ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ഫെഡറൽ തത്വങ്ങളെ തകർക്കുമെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ ആരോപണങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറൽ തത്വങ്ങളെ തകർക്കുമെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് മുൻപ് മൂന്ന് തെരഞ്ഞെടുപ്പുകൾ സമാന രീതിയിൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ ലക്ഷ്യമിടുന്ന ആർട്ടിക്കിൾ 82 എ അവതരിപ്പിക്കുന്നതിനൊപ്പം പാർലമെന്റിന്റെയും നിയമസഭകളുടെയും പൂർണകാലാവധി ഉറപ്പുവരുത്തുന്ന തരത്തിൽ ആർട്ടിക്കിൾ 83, ആർട്ടിക്കിൾ 172 തുടങ്ങിയവയിൽ ഭേദഗതി വരുത്താനും ബിൽ ലക്ഷ്യമിടുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ വിജയം ഉറപ്പാക്കുന്നതാണ് ഈ നീക്കമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് പുതിയ കാര്യമല്ല. രാജ്യത്ത് മൂന്ന് തെരഞ്ഞെടുപ്പ് സമാന രീതിയിൽ നടന്നിട്ടുണ്ട്. 1952-ൽ എല്ലാ തെരഞ്ഞെടുപ്പുകളും ഒരേസമയമാണ് നടന്നത്. 1957-ൽ തെരഞ്ഞെടുപ്പ് തീയതികളിൽ വ്യത്യാസമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഒരേ സമയം നടത്താനായി എട്ട് സംസ്ഥാനങ്ങളിലെ നിയമസഭകൾ പിരിച്ചുവിട്ടു. ഇതിന് ശേഷം മൂന്നാം തവണയും രാജ്യത്ത് സമാനരീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയതായി അമിത് ഷാ ചൂണ്ടിക്കാട്ടി.