തൃശ്ശൂർ: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി സിപിഐ നേതാവ് വി എസ് സുനിൽകുമാർ. പൂരം കലക്കൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബിജെപിക്കും ആർഎസ്എസിനും അന്നത്തെ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും പങ്കുണ്ടെന്നും സുനിൽ കുമാർ ആരോപിച്ചു. ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.
അന്വേഷണ സംഘത്തിന് മൊഴിയായി ഈ കാര്യങ്ങൾ നൽകുമെന്ന് പറഞ്ഞ സുനിൽകുമാർ തന്നെ കേൾക്കാതെ റിപ്പോർട്ട് സമർപ്പിക്കും എന്നാണ് കരുതിയിരുന്നത്. മൊഴിയെടുക്കാൻ വിളിപ്പിച്ചതിൽ സന്തോഷമുണ്ട്. തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നൽകുമെന്നും അദ്ദേഹം വിശദമാക്കി.
പൂരം കലക്കൽ വിവാദത്തിൽ വി എസ് സുനിൽകുമാർ ഇന്ന് മൊഴി നൽകാൻ എത്തിയിരുന്നു. മലപ്പുറം അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ തൃശ്ശൂർ രാമനിലയത്തിൽ വെച്ചാണ് മൊഴിയെടുക്കൽ നടന്നത്.