ന്യൂഡൽഹി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൻജിഒകളും വിവിധ വ്യക്തികളും വയനാട് പുനരധിവാസത്തിന് വലിയ സഹായങ്ങൾ വാഗ്ദാനം ചെയ്തുവെന്നും അവർക്ക് വേണ്ട സ്ഥലം അനുവദിക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.
കൃത്യമായ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിൽ കേന്ദ്ര സർക്കാർ സഹായം അനുവദിച്ചേനെ. റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയും സമാനമായി സംസ്ഥാന സർക്കാരിനോട് ചോദ്യമുന്നയിച്ചു. വയനാടിന് പ്രധാനമന്ത്രി തന്നെ സഹായ വാഗ്ദാനം നടത്തിയിട്ടുണ്ടെന്നും ഗവർണർ വിശദമാക്കി.
അതേസമയം, ദുരന്ത ബാധിതരെ എയർലിഫ്റ്റ് ചെയ്തതിന് 132.62 കോടി ആവശ്യപ്പെട്ട കേന്ദ്ര നടപടി ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കേരളത്തോട് കേന്ദ്രം ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വയനാടിന് വേണ്ടി കേന്ദ്രം എന്ത് സഹായം ചെയ്തുവെന്നതാണ് പ്രധാനം. ഹെലികോപ്റ്റർ ഉപയോഗിച്ചതിന് പണം ചോദിച്ചത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ആ തീരുമാനം തിരിച്ചെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

