ന്യൂഡൽഹി: റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് മന്ത്രിയുടെ നടപടി. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഗണേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയപാതയടക്കമുള്ള പ്രധാന റോഡുകൾ ഡിസൈൻ ചെയ്യുന്നത് പലപ്പോഴും കോൺട്രാക്ടർമാരാണെന്നും ഗൂഗിൾ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നതെന്നും വിദഗ്ധർക്ക് വലിയ പങ്കില്ലെന്നും അദ്ദേഹം അറിയിച്ചു.
പലയിടത്തും ഹൈവേ നിർമാണത്തിൽ എൻജിനിയർമാർക്ക് വലിയ പങ്കില്ലാത്ത അവസ്ഥയാണ്. നിർമാണച്ചുമതല ഏൽപ്പിച്ചിരിക്കുന്ന കമ്പനികളുടെ കോൺട്രാക്ടർമാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഗൂഗിൾ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രാദേശികമായ കാര്യങ്ങൾ പരിഗണിക്കില്ല. ലോകബാങ്കിന്റെ റോഡുകൾ പോലെ, പ്രാദേശിക എൻജിനീയർമാരെയോ പ്രാദേശിക ജനപ്രതിനിധികൾക്കോ യാതൊരു പങ്കുമില്ല. ഗൂഗിൾ മാപ്പ് വഴി റോഡ് ഡിസൈൻ ചെയ്തശേഷം പണം നൽകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡരികിൽ വീടുണ്ടോ വഴിയുണ്ടോ എന്നൊന്നും ഡിസൈൻ ചെയ്യുമ്പോൾ പരിഗണിക്കില്ല. വളവ്, കയറ്റം, ഇറക്കം എന്നിവയൊന്നും ശ്രദ്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്താനായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.