കോടതി നിർദേശങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ച സംഭവം; കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു

കൊച്ചി: കോടതി നിർദേശങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. ഹൈക്കോടതിയാണ് കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചത്. ദേവസ്വം ഓഫീസർ അടക്കമുളളവർക്ക് നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

നാട്ടാന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിക്കാതിരിക്കാൻ മനഃപൂർവമായ ശ്രമമുണ്ടായെന്ന് കരുതേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ദേവസ്വം ഓഫീസർ നൽകിയ സത്യവാങ്മൂലം സ്വീകരിക്കാനാകില്ല. 15 ആനകളെയും എഴുന്നള്ളിച്ചില്ലെങ്കിൽ ഭക്തർ എതിരാകുമെന്ന വാദവും അംഗീകരിക്കാൻ കഴിയില്ല. ഈ പോക്കുപോയാൽ നിയമം ഇല്ലാത്ത നാടായി ഇവിടെ മാറും. ഇത് അംഗീകരിക്കാനാകില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.