തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാർജനം, മാലിന്യ മുക്ത നവകേരളം, പാലിയേറ്റീവ് കെയർ എന്നീ വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി ചർച്ച നടത്തി. 2025 മാർച്ച് 30ന് സമ്പൂർണ ശുചിത്വ കേരള പ്രഖ്യാപനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അതുപോലെതന്നെ 2025 നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ വിമുക്തമായി പ്രഖ്യാപിക്കാനും കഴിയണം. ഇതിനാവശ്യമായ നടപടികൾ തദ്ദേശസ്ഥാപനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
64,006 കുടുംബങ്ങളിലായി 1,03,099 പേർ അതിദരിദ്രരാണെന്ന് കണ്ടെത്തി. 1,032 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായാണ് ഇവരെ കണ്ടെത്തിയത്. നിലവിൽ 40,180 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത ഉണ്ടാവണം. അതിന് ചെയ്യേണ്ട കാര്യങ്ങൾ തദ്ദേശസ്ഥാപന ഭരണ സമിതികൾ ആലോചിക്കണം. പൂർത്തീകരിക്കേണ്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സമയക്രമം നിശ്ചയിച്ച് പ്രവർത്തന രൂപരേഖ തയ്യാറാക്കണം. ഭക്ഷണ ദൗർലഭ്യം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗുണമേൻമാധിഷ്ഠിത സേവനം ലഭ്യമാകുന്നുവെന്ന് തദ്ദേശസ്ഥാപനതലത്തിലെ ഉപസമിതി ഉറപ്പാക്കണം. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകേണ്ട 40 ഗുണഭോക്താക്കൾക്ക് ആവശ്യമായ അവയവങ്ങൾ ലഭ്യമാക്കുന്നതിന് പ്രത്യേക പരിഗണന നൽകണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഇക്കാര്യത്തിൽ തങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് നിശ്ചയിക്കണം. വരുമാനം ക്ലേശഘടകമായി കണ്ടെത്തിയ കുടുംബങ്ങളിൽ 521 കുടുംബങ്ങൾക്ക് വരുമാനദായക പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് നടപടികൾ കൈക്കൊള്ളണം. ആരോഗ്യപരമായ കാരണങ്ങളാൽ തൊഴിലെടുക്കാൻ സാധിക്കില്ലെന്ന് കണ്ടെത്തിയ 923 കുടുംബങ്ങൾക്ക് വരുമാനം കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കണം.
പട്ടികജാതി – പട്ടികവർഗ വികസന കോർപ്പറേഷൻ, വനിത വികസന കോർപ്പറേഷൻ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മുതലായ ഏജൻസികളെ ഉപജീവന പദ്ധതികളുമായി കണ്ണിചേർക്കണം. പ്രാദേശിക സംരംഭങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ മുതലായവയുടെ സേവനം തൊഴിൽ ലഭ്യമാക്കുന്നതിന് പ്രയോജനപ്പെടുത്തണം. പുതുതായി സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യതയുള്ളവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കണം. താരതമ്യേന പ്രായമുള്ളവർ, ദുർബലർ, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർ, ഭിന്നശേഷിക്കാർ മുതലായവർക്കുള്ള ഉപജീവന പ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിന് പ്രത്യേക പരിശീലനം സിദ്ധിച്ചവരെ ഉൾപ്പെടുത്തി ടീമുകളെ സജ്ജമാക്കണം. ഉപജീവന പദ്ധതികളുടെ പുരോഗതി ജനകീയ സമിതികൾ നിരീക്ഷിക്കണം. എല്ലാ വകുപ്പുകളും നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളിൽ അതിദരിദ്ര ഗുണഭോക്താക്കൾക്ക് മുൻഗണന നൽകണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വീടില്ലാത്ത അതിദരിദ്രർക്ക് വീട് ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും അതിദരിദ്രരെ പിന്തുണയ്ക്കാൻ കെയർ ഫണ്ട് എന്ന ആശയം മാർഗരേഖയിൽ നിർദ്ദേശിച്ചിരുന്നു. സിഎസ്ആർ ഫണ്ട്, പ്രവാസി സംഘടനകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സ്‌പോൺസർഷിപ്പും പ്രയോജനപ്പെടുത്തിയുള്ള വിഭവ സമാഹരണമാണ് ലക്ഷ്യമിട്ടത്. ഈ ആശയം ഫലപ്രദമായി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

