സംസ്ഥാനത്തിനുള്ള കേന്ദ്ര നികുതി വിഹിതം 50 ശതമാനം ആക്കണം; ആവശ്യവുമായി കേരളം

തിരുവനന്തപുരം: സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കു വയ്ക്കുന്ന നികുതി വിഹിതം 50 ശതമാനമായി ഉയർത്തണമെന്ന് കേരളം പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടതായി കമ്മീഷൻ ചെയർമാൻ പ്രൊഫ. അരവിന്ദ് പനഗാരിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്കുള്ള വിഹിതം 41 ശതമാനമെന്നാണ് നിശ്ചയിച്ചത്. കേരളത്തിന്റേതിനു സമാനമായ ശുപാർശ കമ്മീഷൻ സന്ദർശിച്ച മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു. നിലവിൽ കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾ കമ്മീഷൻ സന്ദർശിച്ചു.

കേന്ദ്രം പങ്കുവയ്ക്കുന്ന നികുതി വിഹിതം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിലും വലിയ മാറ്റം കേരളം നിർദ്ദേശിച്ചിട്ടുണ്ട്. ജനസാന്ദ്രതാടിസ്ഥാനത്തിൽ വിഹിതം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം പുതിയതായി ഉൾപ്പെടുത്തണമെന്നാണ് കേരളം മുന്നോട്ടു വച്ച ഒരു ആവശ്യമെന്ന് ചെയർമാൻ പറഞ്ഞു. ഈ മാനദണ്ഡത്തിലൂടെ രണ്ടര ശതമാനം നികുതി വിഹിതം നിശ്ചയിക്കണം. ദുരന്തനിവാരണത്തിനായി കൂടുതൽ വിഹിതം കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിശീർഷക വരുമാനം കുറവുള്ള സംസ്ഥാനങ്ങൾക്ക് നിലവിൽ കൂടുതൽ വിഹിതം ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിഹിതം നിലവിലെ 45 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കണമെന്ന് കേരളം നിർദ്ദേശിച്ചു.

ഭൂവിസ്തൃതി മാനദണ്ഡപ്രകാരമുള്ള വിഹിതം 15 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കണം, ജനസംഖ്യാടിസ്ഥാനത്തിലുള്ള വിഹിതം 15 ശതമാനത്തിൽ നിന്ന് 32.5 ശതമാനമാക്കണം, ഇതിനായി 2011ലെ സെൻസസ് പരിഗണിക്കുന്നതിനു പകരം 1971ലെ സെൻസസ് അടിസ്ഥാനമാക്കണം, വനമേഖലാ മാനദണ്ഡ പ്രകാരമുള്ള വിഹിതം 10 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയ്ക്കണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് കേരളം മുന്നോട്ടു വച്ചതെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രകടനം മികച്ചതാണെന്നും കമ്മീഷൻ വിലയിരുത്തി. സെസ്, സർചാർജ് ഇനത്തിലുള്ള വരുമാനം പൂർണമായി കേന്ദ്രത്തിനാണ് ലഭിക്കുന്നത്. ഈ വിഷയവും വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ചു. എന്നാൽ അത് സങ്കീർണമായ പ്രശ്‌നമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്മീഷൻ അംഗങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.