ഉന്നതവിദ്യാഭ്യാസമേഖലയില്‍ കരിക്കുലം, വിദ്യാഭ്യാസനയങ്ങള്‍ എന്നിവയുടെ പരിഷ്‌കരണത്തിന് വിദഗ്ധസമിതികള്‍ നടത്തുന്ന ഇടപെടലുകളുടെയും നിര്‍ദേശങ്ങളുടെയും തുടര്‍ച്ചയായി സമഗ്രവും സമൂലവുമായ ദിശാമാറ്റം അനിവാര്യമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ നടത്തിപ്പിനായി ചുമതലപ്പെടുത്തിയ കമ്മറ്റികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുന്നതിലും വിദ്യാര്‍ത്ഥികളുടെ സംരംഭകത്വ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ഊന്നല്‍ നല്‍കുന്ന തരത്തില്‍ വിജ്ഞാനാധിഷ്ഠിതസമൂഹം കെട്ടിപ്പടുക്കുന്നതിന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഷേപ്പിംഗ് കേരളാസ് ഫ്യൂചര്‍ – ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ നെക്സ്റ്റ്-ജെന്‍ ഹയര്‍ എജുക്കേഷന്‍ ജനുവരി 14, 15 തീയതികളിലായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്.ആഗോളതലത്തിലുള്ള മാറ്റങ്ങളുടെ ഗതിവേഗം ഉള്‍ക്കൊണ്ട് കൊണ്ട് പ്രഖ്യാപിച്ച രാജ്യാന്തര കോണ്‍ക്ലേവ് സര്‍ക്കാരിന്റെ വിഷന്റെ കൂടി ഭാഗമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളം ഇനി മസ്തിഷ്‌കനേട്ടത്തിന്റെയും റിവേഴ്സ് മൈഗ്രേഷന്റെയും കാലഘട്ടമാണ് കാണാന്‍ പോകുന്നതെന്ന് യോഗത്തിന്റെ മുഖ്യാതിഥിയായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായമേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കാണുന്നത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഗവേഷകരും, അക്കാദമികസമൂഹവും വ്യവസായവും ഒരുമിച്ച് പോകുന്ന ഒരു എക്കോസിസ്റ്റം ഉണ്ടാകേണ്ടത് അനിവാര്യമാണ്. മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നയരൂപീകരണത്തിനെ സ്വാധീനിക്കാനും വ്യവസായ, വിദ്യാഭ്യാസ മേഖലകളില്‍ മുന്നേറ്റങ്ങള്‍ കൊണ്ട് റിവേഴ്സ് മൈഗ്രേഷന്‍ സാധ്യമാക്കാനും ഇതുപോലുള്ള സമ്മേളനങ്ങള്‍ വലിയ പങ്കു വഹിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.
നൂതന സമീപനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഗവേഷണ, അക്കാദമിക പ്രവര്‍ത്തനങ്ങളിലെ മികവുകള്‍ പങ്കിടുന്നതിനും ലക്ഷ്യമിടുന്ന കോണ്‍ക്ലേവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യുന്ന വേദിയാകും. കോണ്‍ക്ലേവിന്റെ രണ്ടു ദിവസങ്ങളിലായി കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെക്കുറിച്ചുള്ള ആഗോളവീക്ഷണം, ഗവേഷണമികവ്, സാമ്പത്തിക സുസ്ഥിരത, നിര്‍മിതബുദ്ധി, നയരൂപീകരണത്തില്‍ ഗവേഷണങ്ങളുടെ പങ്ക്, തൊഴില്‍മേഖല, അധ്യാപനമേഖലയിലെ മാറ്റങ്ങള്‍, വിദ്യാര്‍ത്ഥി യൂണിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഉണ്ടാക്കുന്ന പ്രതിഫലനത്തെക്കുറിച്ച് പ്ലീനറി സെഷനുകളും പാരലല്‍ സെഷനുകളും നടക്കും. അന്താരാഷ്ട്ര വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ വിവിധ പ്രീ കോണ്‍ക്ലേവ് ഇവന്റുകള്‍ കൊച്ചിയിലെ മികവുറ്റ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടത്താനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
എംഎല്‍എ മാരായ കെ ജെ മാക്‌സി, സി കെ ആശ,കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗ്ഗീസ്, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം. ജുനൈദ് ബുഷിരി, രജിസ്ട്രാര്‍ ഡോ. എ. യു അരുണ്‍, കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ചെയര്‍മാന്‍ സയീദ് മിര്‍സ, വിവിധ സര്‍വകലാശാലകളിലെ വൈസ്ചാന്‌സലര്‍മാര്‍, കോളേജ് അധ്യാപക സംഘടനാപ്രതിനിധികള്‍, കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, വിവിധ വകുപ്പുമേധാവികള്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.