കണ്ണൂർ: സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ നിന്ന് പരിശീലനം നേടിയവർ എത്തുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പാർട്ടിയെ തകർക്കാനുള്ള ലക്ഷ്യം പാർട്ടി നേതൃത്വത്തെ ആക്രമിക്കലാണ്. ഇപ്പോൾ അതാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാപ്പിനിശ്ശേരി ഏരിയ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലേക്ക് അയക്കുകയാണ്. പോസ്റ്റു മോഡേൺ എന്ന പേരിലാണ് പരിശീലനം. ലോകത്തെ പല കമ്മ്യൂണിസ്റ്റു പാർട്ടികളെയും തകർത്തത് അങ്ങനെയാണെന്നും ഇപി ജയരാജൻ ആരോപിച്ചു. പാർട്ടി നേതൃത്വത്തെ ആക്രമിക്കാനും ദുർബലപ്പെടുത്താനും വാർത്താമാധ്യമങ്ങളെ പണം കൊടുത്തു വാങ്ങുകയാണെന്നും അദ്ദേഹം വിമർശിച്ചു.