ന്യൂഡൽഹി: കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്കെന്ന വാർത്തകൾ നിഷേധിച്ച് ജോസ് കെ മാണി രംഗത്ത്. കേരള കോൺഗ്രസ്സ് മുന്നണി മാറ്റത്തിൽ ഒരു ചർച്ചയും ആരുമായും നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി.
വാർത്തകൾ വ്യാജമാണ്. അന്തരീക്ഷത്തിൽ നിന്ന് സൃഷ്ടിച്ചതാണ്. മാധ്യമങ്ങൾ വാർത്ത സ്ഥിരീകരിക്കണമായിരുന്നു. കേരള കോൺഗ്രസ്സ് എം എൽഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. പാർട്ടി യുഡിഎഫ് വിട്ടതല്ല. യുഡിഎഫിൽ നിന്ന് പുറത്താക്കിയതാണ്. കേരള കോൺഗ്രസ് എം എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കും. മതമേലധ്യക്ഷൻമാർ മുന്നണി പ്രവേശത്തിൽ ഇടപെട്ടിട്ടില്ല. മുന്നണിയിൽ ആശയക്കുഴപ്പം ഉണ്ടാക്കലാണ് ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് വാർത്തകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാ, കടുത്തുരുത്തി നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ യുഡിഎഫിലേക്ക് തിരിച്ചുവരാമെന്ന നിലപാടിലാണ് കേരള കോൺഗ്രസ് എം എന്നായിരുന്നു വാർത്തകൾ.