തിരുവനന്തപുരം: പെൻഷൻ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർവീസിൽ തുടരവെ സമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയവരുടെ പേരു വിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തു നൽകി. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയനിഴലിലാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹിക സുരക്ഷാ പെൻഷൻ ലിസ്റ്റിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറിൽ കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. പരിഹാര നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തിൽ സർക്കാർ സിഎജിയെ അറിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.