ക്ഷേമപെൻഷൻ തട്ടിപ്പ്; അനർഹരെന്ന് കണ്ടെത്തിയ 63 പേരെ നേരിട്ട് കണ്ട് പരിശോധിക്കും

മലപ്പുറം: കോട്ടക്കൽ നഗരസഭയിലെ ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ച് നഗരസഭ. അനർഹരെന്ന് ധനവകുപ്പ് കണ്ടെത്തിയ 63 പേരെ നേരിട്ട് കണ്ട് പരിശോധിക്കാനാണ് തീരുമാനം. പരിശോധിക്കാൻ ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്ക് കത്ത് നൽകിയിരിക്കുകയാണ്. ഇന്ന് മുതൽ നടപടി ആരംഭിക്കും. 63 ൽ 18 പേരെ നേരത്തെ ക്ഷേമ പെൻഷനിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

അതേസമയം, അനർഹർ പെൻഷൻ പറ്റിയ സംഭവം ഗുരുതരമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തെറ്റായ രേഖ ചമച്ചത് ഗുരുതരമായ കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട ആളുകളോട് വിശദീകരണം തേടണം. നടപടിക്രമങ്ങൾ പാലിക്കണം. തെറ്റായ കാര്യം ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകി.

തെറ്റായ കാര്യങ്ങൾ ആര് ചെയ്താലും അവരെ അംഗീകരിക്കില്ല എന്ന നിലപാട് അല്ലേ സംഘടനകൾ സ്വീകരിക്കേണ്ടത്. പേരുകൾ പുറത്തുവിടാത്തതിൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിക്കേണ്ട കാര്യമില്ല. തെറ്റ് ആര് ചെയ്താലും നടപടി ഉണ്ടാകും. ഒരു ചെറിയ വിഭാഗം തെറ്റ് ചെയ്യുന്നതിന് സംഘടനകൾ മൊത്തത്തിൽ ആശങ്കപ്പെടേണ്ട കാര്യം എന്താണെന്നും അദ്ദേഹം ചോദിച്ചിരുന്നു.