കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ അധികാരത്തിൽ വരുന്നതെല്ലാം ചെയ്യുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്കാ ഗാന്ധി. ദുരന്തം നേരിട്ട ആളുകളുടെ ധൈര്യത്തിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.
ദുരന്ത ബാധിതരെ സഹായിക്കാൻ നാട് മുഴുവൻ ഒരുമിച്ച് നിന്നത് രാജ്യം മുഴുവൻ നോക്കി പഠിക്കേണ്ടതാണ്. ദുരന്തത്തിന് ശേഷം വിനോദ സഞ്ചരികൾ പോലും വയനാട്ടിലേക്ക് വരാൻ മടിക്കുന്നു. നമുക്ക് അത് മാറ്റിയെടുക്കണം. വയനാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കണം. അതിന് തനിക്ക് കഴിയുമെന്നാണ് തന്റെ പ്രതീക്ഷ.
വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ഇനിയുള്ള ദിവസം മുതൽ അവസാന ദിവസം വരെ താൻ ശബ്ദം ഉയർത്തും. 35 വർഷമായി താൻ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു. ഇക്കാലയളവിൽ ലക്ഷക്കണക്കിന് ആളുകളെ ഞാൻ കണ്ടുമുട്ടി. പക്ഷെ ആദ്യമായിട്ടാണ് താൻ മത്സരിച്ചത്. ഈ പ്രചാരണത്തിൽ ഇവിടെ കണ്ടുമുട്ടിയ ഓരോ മുഖവും ഞാൻ ജീവിതത്തിൽ എന്നും ഓർക്കും. അവർക്കു വേണ്ടി ശബ്ദം ഉയർത്തുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.