കരുനാഗപ്പള്ളി വിഷയത്തിൽ നടപടിയുമായി സിപിഎം; ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

കൊല്ലം: കരുനാഗപ്പള്ളി വിഷയത്തിൽ നടപടി സ്വീകരിച്ച് സിപിഎം. ഉൾപ്പാർട്ടി വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയ സാഹചര്യത്തിലാണ് നടപടി. ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താത്കാലിക അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിന് പിന്നാലെ സേവ് സിപിഎം പ്ലക്കാർഡുകളുമായി വിമത വിഭാഗം തെരുവിൽ പ്രതിഷേധിച്ച സംഭവത്തെ തുടർന്നാണ് നടപടി.

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് കൊല്ലത്തെത്തി ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം സ്വീകരിച്ചത്. ലോക്കൽ കമ്മിറ്റികളിലുണ്ടായ പ്രശ്‌നം പാർട്ടിക്ക് ആകെ പ്രയാസമുണ്ടാക്കിയെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു. തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിഭാഗീയതയും പ്രതിഷേധങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു.