കേരളീയ വേഷത്തിൽ പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: വയനാട് എംപിയായി പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്ത് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കേരളീയ വേഷത്തിലാണ് പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയത്. കേരളാ സാരി ധരിച്ച് ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാട് എംപിയായി പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുളള ഏക വനിതാ അംഗമാണ് പ്രിയങ്കാ ഗാന്ധി. വലിയ കയ്യടിയോടെയാണ് പ്രിയങ്കയെ കോൺഗ്രസ് എംപിമാർ വരവേറ്റത്.

അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പാർലമെന്റിലേക്ക് എത്തിയത്. ജീവിതപങ്കാളി റോബർട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാൻ എത്തിയിരുന്നു. നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് വയനാട്ടിൽ പ്രിയങ്ക വിജയിച്ചത്.

പ്രിയങ്ക എംപിയാകുന്നതിൽ അഭിമാനമുണ്ടെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. പ്രിയങ്കയുടെ സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ ലോക്‌സഭാ സന്ദർശക ഗ്യാലറിയിൽ സോണിയ ഗാന്ധിയുമെത്തിയിരുന്നു. പാർലമെന്റിൽ പ്രിയങ്കാ ഗാന്ധി എത്തുന്നതോടെ ഇന്ത്യ മുന്നണിയ്ക്ക് കരുത്ത് വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.