കൊച്ചി: ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ രൂക്ഷവിമർശനം ഉന്നയിച്ച് ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്‌സിക്യുട്ടീവ് ഓഫീസർ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം നടപടികൾ അനുവദനീയമല്ല. തീർഥാടകരിൽ നിന്ന് ഭക്ഷണത്തിന് കൂടുതൽ തുക ഈടാക്കുന്ന കടകൾക്കെതിരെ നടപടിവേണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതോടെ എഡിജിപിയും റിപ്പോർട്ട് തേടിയിരുന്നു. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെയാണ് വിവാദമായത്.