കോഴിക്കോട്: പാലക്കാട്ട് വോട്ട് ശതമാനം ഉയർത്താൻ ബിജെപിക്ക് കഴിഞ്ഞില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിൽ ശരിയായ വിലയിരുത്തൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ തവണ ഇ ശ്രീധരന് പൊതുസമൂഹത്തിൽ നിന്ന് നല്ല നിലയിൽ വോട്ട് കിട്ടിയിട്ടുണ്ട്. ആ വോട്ടുകൾ സമാഹരിക്കാൻ പാലക്കാട്ടെ സ്ഥാനാർത്ഥി കൃഷ്ണകുമാറിന് കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയരുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. സംസ്ഥാനത്ത് കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാർത്ഥി നിർണയത്തിന്റെ ചുമതലയെന്ന് അദ്ദേഹം വ്യക്തമാക്കി.
മോദിയും അമിത് ഷായും അടങ്ങുന്ന പാർലമെന്ററി ബോർഡ് അംഗീകാരം നൽകിയ ആളാണ് പാലക്കാട് സ്ഥാനാർത്ഥിയായത്. മൂന്ന് പേരുകൾ ചർച്ചയിൽ വന്നിരുന്നു. ഇതിൽ രണ്ട് പേർ മത്സരിക്കാൻ സന്നദ്ധരായില്ല. അങ്ങനെയാണ് സ്ഥാനാത്ഥിത്വം കൃഷ്ണകുമാറിലേക്ക് എത്തിയത്. മത്സരിപ്പിക്കരുത് എന്ന നിലപാട് കൃഷ്ണകുമാറിനും ഉണ്ടായിരുന്നു. മലമ്പുഴയിൽ മൂവായിരം വോട്ടുകൾ അമ്പതിനായിരം ആക്കിയ സ്ഥാനാർഥിയാണ് കൃഷ്ണകുമാറെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.