വയനാട് ഉപതെരഞ്ഞെടുപ്പിലെ പരാജയം; ഇടത് ക്യാമ്പിൽ പൊട്ടിത്തെറി

കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി നേരിട്ട പരാജയത്തിൽ ഇടത് ക്യാമ്പിൽ പൊട്ടിത്തെറി. വയനാട്ടിലെ സിപിഐ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവർത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നാണ് സിപിഐയുടെ വിലയിരുത്തൽ.

പ്രചാരണ റാലികളിലും പ്രവർത്തനത്തിലും സിപിഎം നേതാക്കളുടെ സാന്നിധ്യം കുറഞ്ഞു. പതിനായിരം പേരെങ്കിലും പങ്കെടുക്കേണ്ട മുഖ്യമന്ത്രിയുടെ റാലിയിൽ പോലും പങ്കെടുത്തത് പകുതിയിൽ താഴെ ആളുകളാണെന്നാണ് സിപിഐ വ്യക്തമാക്കുന്നത്. സിപിഎം നേതാക്കളും കാര്യമായി സത്യൻ മൊകേരിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയില്ല. ഗൃഹസമ്പർക്കവും പോളിംഗ് ദിനത്തിലെ ഏകോപനവും മോശമായെന്നും വിലയിരുത്തലുണ്ട്.

സത്യൻ മൊകേരിയുടെ സ്വീകരണ പരിപാടിയും നാമനിർദ്ദേശ പത്രിക സമർപ്പണവും നിറംമങ്ങിയെന്നും സിപിഐ വിലയിരുത്തുന്നത്. സിപിഐ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് സിപിഎം കാര്യമായ പ്രധാന്യം നൽകിയില്ലെന്ന വിമർശനവും സിപിഐ മുന്നോട്ടുവെയ്ക്കുന്നു.