തെരഞ്ഞെടുപ്പ് പരാജയം; ചേലക്കരയിൽ തോറ്റത് സംഘടനാ ദൗർബല്യം കൊണ്ടാണെന്ന് കൊടിക്കുന്നിൽ സുരേഷ്

തൃശൂർ: ചേലക്കര തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ ഭിന്നത. പാലക്കാടിനേക്കാൾ മെച്ചപ്പെട്ട പ്രചാരണം നടത്തിയിട്ടും ചേലക്കരയിൽ തോറ്റത് സംഘടനാ ദൗർബല്യം കൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ചേലക്കരയിലുണ്ടായ തോൽവി പരിശോധിക്കുമെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

ചേലക്കരയിലെ പരാജയവും വയനാട്, പാലക്കാട് വിജയങ്ങളും പരിശോധിക്കും. നേതൃത്വമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. നേതൃത്വത്തിനും അതുകൊണ്ട് ഉത്തരവാദിത്തമുണ്ട്. രമ്യ ഹരിദാസ് അവിടെ എംപിയായിരുന്ന ആളാണ്. രമ്യ ജയിക്കുമെന്നായിരുന്നു കരുതിയത്. ചേലക്കരയിൽ തന്റെ കണക്ക് തെറ്റിയെന്നും എന്നാൽ പ്രചാരണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

മൂന്ന് മാസം മുമ്പ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനം കൈയ്യൊഴിഞ്ഞ സ്ഥാനാർഥിയെ വീണ്ടും അതേ ജനത്തിന്റെ തലയിൽ കെട്ടിവെയ്ക്കാൻ നോക്കിയതിന് കിട്ടിയ തിരിച്ചടിയാണ് ഈ പരാജയമെന്നാണ് കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ വ്യക്തമാക്കുന്നത്.

ഉത്തരവാദിത്തം പൂർണമായും സംസ്ഥാന, ദേശീയ നേതൃത്വത്തിന് തന്നെയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജില്ലയിലെ സംഘടനാ ദൗർബല്യം തിരിച്ചടിയായെന്നാണ് കെപിസിസി ഉപാധ്യക്ഷൻ ആരോപിക്കുന്നത്.